കുപ്രസിദ്ധ മോഷ്ടാവ് വേതാളം ജിത്തു അറസ്റ്റിൽ

കോഴിക്കോട്: ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചു് പകൽ കവർച്ച നടത്തുന്ന കൊളത്തറ മണക്കോട്ട് വീട്ടില്‍ ജിത്തു എന്ന വേതാളം ജിത്തുവിനെ ഫറോക്കിലെ കഷായ പടി വാടക ക്വര്‍ട്ടേഴ്‌സില്‍ നിന്ന് പൊലീസ് പിടികൂടി.

ബസില്‍ കയറി മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങുന്ന ജിത്തു വീടുകളില്‍ ചെന്ന് കോളിങ് ബെല്‍ അടിക്കുകയോ വാതിലില്‍ മുട്ടുകയോ ചെയ്ത് ആളില്ലെന്ന് ഉറപ്പാക്കും. വീടിന്റെ താക്കോല്‍ അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും. കിട്ടിയാല്‍ വാതില്‍ തുറന്ന് അകത്തു കയറും. അല്ലെങ്കില്‍ ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച്‌ അകത്തു കയറി കവര്‍ച്ച നടത്തി മുങ്ങും.

തേഞ്ഞിപ്പാലം സ്റ്റേഷന്‍ പരിധിയില്‍ 16 വീടുകളിലും നല്ലളം സ്റ്റേഷന്‍ പരിധിയില്‍ മൂന്നു വീടുകളിലും കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. സെപ്റ്റംബര്‍ 27ന് ചാത്തമംഗലത്തെ വീട്ടിൽ പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന് മേശയില്‍ സൂക്ഷിച്ച 1.5 ലക്ഷവും സാധനങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.