ന്യൂഡൽഹി: എസ് സോമനാഥിന്റെ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ പിൻവലിക്കുന്നു. ആത്മകഥയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും കോപ്പികൾ പിൻവലിക്കണമെന്ന് പ്രസാധകർക്ക് നിർദേശം നൽകിയെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.
പുസ്തകത്തിലെ ചില ഭാഗങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം.പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആത്മകഥയുടെ ഉദ്ദേശം.പുസ്തകം ഇതുവരേയും പ്രസിദ്ധീകരിച്ചിട്ടില്ല. ചില റിവ്യൂ കോപ്പികൾ പത്രക്കാർ കണ്ടതായി കരുതുന്നു. അനാവശ്യ വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തത്ക്കാലം പിൻവലിക്കുകയാണ്.
ഉന്നതങ്ങളിലേക്ക് എത്തും തോറും നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചാണ് പുസ്തകത്തിൽ പരാമർശിച്ചത്. അതിൽ മുൻ ഐഎസ്ആർഒ മേധാവി ഡോ. ശിവൻ എന്നെ തടഞ്ഞെന്നോ തടസപ്പെടുത്തിയെന്നോ പരാമർശിച്ചിട്ടില്ല. ലേഖനത്തിലെ പരാമർശത്തോട് വിയോജിക്കുന്നുവെന്നും സോമനാഥ് പറഞ്ഞു.
2018ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നുവെന്നും എന്നാൽ ശിവനാണ് അന്ന് ചെയർമാനായതെന്നും ചെയർമാൻ ആയ ശേഷവും ശിവൻ വിഎസ്എസ്സി ഡയറക്ടർ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ തയാറായില്ലെന്നും സോമനാഥ് പറഞ്ഞതായാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്.