കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് സിപിഎം നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

കോട്ടയം: ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കോട്ടയം കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് സിപിഎം നിർമിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി നിർനിർമിച്ചു നൽകിയ 25 വീടുകൾ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായെന്ന് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.

ദുരന്തമുണ്ടായ ഘട്ടത്തില്‍ തന്നെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ സിപിഎം തീരുമാനിച്ചത്. അതിനായി പാര്‍ടി അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവയില്‍ നിന്നൊക്കെ ധനം സമാഹരിച്ചു.നിര്‍മ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നല്‍കുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ ഫലമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാര്‍ടി അംഗങ്ങളില്‍ നിന്ന് പിരിവെടുത്ത് ഭവനനിര്‍മ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി.

ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്.ഭാവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായത്.

സർക്കാരിന്റെ ഈ ജനകീയ വികസനനടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.