മണ്ഡല കാല മകരവിളക്ക് മഹോത്സവത്തിനു തുടക്കമായി

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട വൃശ്ചികം ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തുറന്നു.മണ്ഡലകാലത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ശേഷം ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.

ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.മേൽശാന്തി ശ്രീകോവിലിൽനിന്നുള്ള ദീപത്തില്‍ നിന്ന് തിരുമുറ്റത്തെ ആഴിയിലേക്കും അഗ്നി പകര്‍ന്നു.നിയുക്ത ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും നടന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറക്കുകയും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുകയും ചെയ്യും. വൈകിട്ട് നാലിന് വീണ്ടും നട തുറന്നശേഷം രാത്രി 11ന് അടയ്ക്കും.