തെറ്റായ വാർത്ത നൽകിയതിന് നടപടിയുണ്ടാകും: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിയെന്ന വയോധികയ്ക്കെതിരെ തെറ്റായ വാർത്ത നൽകിയതിന് പാർട്ടി പത്രം സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.വാർത്ത നൽകിയത് തെറ്റാണെന്ന് പറഞ്ഞു പാർട്ടി പത്രം മാപ്പു പറഞ്ഞതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഉപയോഗിക്കുന്നത് ആഡംബര ബസ് അല്ല. ആ ബസ് പരിപാടി കഴിഞ്ഞാൽ എങ്ങോട്ടും കൊണ്ടുപോകില്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് എന്ന നിലയിൽ അതിന്റെ മൂല്യം ഉയരും. മറ്റ് ആക്ഷേപങ്ങൾക്കു മറുപടി പറയുന്നില്ല. ബസിന്റെ ദൃശ്യം പുറത്തു വിടുന്നില്ലെന്ന ആരോപണത്തിൽ കാര്യമില്ല. ബസ് അടച്ചു വയ്ക്കുകയല്ല, അടുത്ത ദിവസം മുതൽ ഓടിത്തുടങ്ങുകയാണ്. എം.വി.ഗോവിന്ദൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചു എന്നത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരം മാതൃകകൾ ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.