തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമ്പ്രദായം കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ ഗുണം ചെയ്യില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.ഇപ്പോഴുള്ള സിസ്റ്റം മനുഷ്യനുമായി ബന്ധപ്പെടാത്തതാണ്. ഇങ്ങനെ ഒരു സംവിധാനം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ ? വി.എം. സുധീരൻ ചോദിച്ചു.
‘യൂത്ത് കോണ്‍ഗ്രസ് ആയാലും കെ.എസ്.യു ആണെങ്കിലും കൃത്യമായി മെമ്പര്‍ഷിപ്പ് നല്‍കിയ ശേഷം വേണം തെരഞ്ഞെടുപ്പ് നടത്താന്‍, യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. ഇക്കാര്യം നേരത്തെ തന്നെ എല്ലാ വേദികളിലും ഞാൻ പറഞ്ഞിട്ടുണ്ട്.
ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ്. ഒരു കാര്യം തുറന്നുപറയട്ടെ, ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് രീതി കൊണ്ട് സംഘടനക്കോ കോണ്‍ഗ്രസിനോ ഒരിക്കലും ഗുണകരമല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍,വിഎം സുധീരന്‍ പറഞ്ഞു.1975-77 കാലത്താണ് വി.എം സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു.
2004 ല്‍ തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് മത്സരിക്കേണ്ടിയിരുന്നില്ലായെന്ന് പിന്നീട് തോന്നി. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത് കൊണ്ടാണ് അന്ന് മത്സരിച്ചത്. ഇനി മത്സരിക്കാനില്ലെന്ന് ഇതിനകം തന്നെ താന്‍ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പായി. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാര്‍ഥമായി ആഗ്രഹിച്ച ആളാണ് താന്‍. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോള്‍ സ്വാഗതം ചെയ്തതെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ സുധീരന്‍ പറഞ്ഞു.
കേരളത്തിലെ സർക്കാർ സമരത്തെ അടിച്ചമർത്തുന്നത് സിപി രാമസ്വാമി അയ്യരുടെ ശൈലിയിലാണ്. സർ സിപി മോഡൽ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ല ഭരണം നടക്കുന്നത്. ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് സർക്കാർ ഒരു പി.ആർ. ശൈലിയിൽ രംഗത്ത് വന്നത്. സർക്കാർ നടത്തുന്നത് പാഴ്‌വേലയാണെന്നും വിഎം സുധീരന്‍ പറഞ്ഞു.