സെൽവിന്റെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം സ്വദേശിക്ക്; ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

കൊച്ചി: പക്ഷാഘാതത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെൽവിൻ ശേഖറിന്റെ (36) പാൻക്രിയാസും വൃക്കയും മാറ്റിവെക്കുന്ന ശസ്ത്രക്രിയ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം സ്വദേശിയായ 37കാരനിലാണ് സെൽവിന്റെ അവയവങ്ങൾ മാറ്റിവെച്ചത്. പ്രമേഹവും ഗുരുതരമായ വൃക്ക രോഗവും മൂർച്ഛിച്ചതിന്റെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവിനാണ് സെൽവിന്റെ അവയങ്ങൾ വെച്ചു പിടിപ്പിച്ചത്.

ആരോഗ്യ മേഖലയും വിവിധ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുമിച്ചതോടെയാണ് മറ്റൊരു മഹനീയ മാതൃകക്ക് വഴിയൊരുങ്ങിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ച അവയവങ്ങൾ ഒരു നിമിഷം പോലും വൈകിക്കാതെയായിരുന്നു പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. മെഡ്സിറ്റിയിലെ ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, കൺസൾട്ടന്റുമാരായ ഡോക്ടർ എം. സുധീർ മുഹമ്മദ്, ഡോ. വിവേക് രാജേന്ദ്രൻ, യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. എം.കെ രാമപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

സംസ്ഥാനം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വൃക്കയും പാൻക്രിയാസും കൃത്യസമയത്ത് തന്നെ ലഭിച്ചതാണ് നേട്ടമായത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ആസ്റ്റർ മെഡ്സിറ്റിയിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ബിജു ചന്ദ്രൻ, ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ഡാനി ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെൽവിന്റെ ശരീരത്തിൽ നിന്ന് അവയവങ്ങൾ എടുത്തത്.

പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച രാവിലെയായിരുന്നു കന്യാകുമാരി വിളവിൻകോട് സ്വദേശിയും നേഴ്സുമായ സെൽവിൻ ശേഖറിന് (36) മസ്തിഷ്ക മരണം സംഭവിച്ചത്. ഭർത്താവിന്റെ മരണത്തിൽ പൊള്ളുന്ന വേദനക്കിടയിലും നേഴ്‌സ് കൂടിയായ ഭാര്യ ഗീതയും മറ്റു കുടുംബാംഗങ്ങളും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ (മൃതസഞ്ജീവനി) സംവിധാനത്തിലൂടെയാണ് സെൽവിന്റെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആസ്റ്റർ മെഡ്സിറ്റി ഒരുക്കിയിരുന്നു.