ലോഡ്ജിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസം പ്രായമായ കുഞ്ഞിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജിൽ മുറിയെടുത്ത അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ദേഹത്ത് മുറിവ് കണ്ട ഡോക്‌ടറാണ് പോലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്.മരിച്ച കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയും സുഹൃത്ത് കണ്ണൂർ സ്വദേശിയുമാണ്. ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ ഒന്നാം തീയതി ഈ ലോഡ്ജിൽ മുറിയെടുത്ത ഇവർ രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞ് ഇവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

കുഞ്ഞ് കൈയിൽ നിന്നും വീണതായിട്ടാണ് യുവതിയുടേയും സുഹൃത്തിന്റേയും മൊഴി. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.