മണിക്കൂറിൽ 110 കി.മീ. വേഗം,മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും

ചെന്നൈ: മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ആന്ധ്രയിലെ ഡിവിസീമയ്ക്കും ബപട്‌ലയ്ക്കുമിടയിൽ ഇന്ന് ഉച്ചയോടെ : മിഷോങ് ചുഴലിക്കാറ്റ് കര തൊടും. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.

ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തിൽ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ചെന്നൈയിൽ വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല.അഞ്ച് പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയിൽ ചെന്നൈ നഗരം വൻ ജലാശയമായി മാറി. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി.

10 ദിവസം മുമ്പുതന്നെ കനത്തമഴ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും കുറഞ്ഞസമയംകൊണ്ട് പ്രതീക്ഷിച്ചതിലും വലിയമഴ പെയ്തതോടെ അധികൃതരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പ്രളയജലം നീക്കംചെയ്യുന്നതിന് കോടികൾ മുടക്കി തമിഴ്‌നാട് സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടില്ല. നേരംവെളുക്കുമ്പോഴേക്കും നഗരം വെള്ളത്തിൽ മുങ്ങി.അപകടമൊഴിവാക്കുന്നിനായി രാത്രിയിൽ വൈദ്യുതിവിതരണം നിർത്തിവെച്ചതോടെ, ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു.

യാത്രക്കാരുടെ സൗകര്യത്തിനായി ഒരുമണിക്കൂർ ഇടവിട്ട് പ്രത്യേക പാസഞ്ചർ വണ്ടികൾ ഓടിക്കുമെന്നുപറഞ്ഞിരുന്നെങ്കിലും പലയിടത്തും അതും മുടങ്ങി. മെട്രോസർവീസുകൾ റദ്ദാക്കിയില്ലെങ്കിലും സ്റ്റേഷനുകളിൽ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു.കാനത്തൂരിൽ പുതുതായി നിർമിച്ച മതിൽ കാറ്റിൽ തകർന്നുവീണ് രണ്ടു ഝാർഖണ്ഡ് സ്വദേശികൾ മരിച്ചു. വേളാച്ചേരിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു.വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും ചൊവ്വാഴ്ചയുംഇന്നും അവധി പ്രഖ്യാപിച്ചു