ആലപ്പുഴ: സുരേഷ് ഗോപി നല്ല മനുഷ്യനാണ്,പക്ഷേ ബിജെപിയിലായിപ്പോയി. അതുകൊണ്ടുതന്നെ തൊടുന്നതും പിടിക്കുന്നതുമെല്ലാം വർഗീയ ചുവയുള്ള വർത്തമാനങ്ങളാണ്. സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു എന്നേ ഇപ്പോൾ പറയാൻ കഴിയൂ, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കില്ലെന്നും ആലപ്പുഴ എംപി എഎം ആരിഫ്.
വർഗ്ഗീയത മാത്രം പറയുന്ന പാർട്ടിയിലെ മനുഷ്യൻ നമ്മുടെ സുഹൃത്തായിപ്പോയല്ലോ എന്ന് ചിന്തിക്കുമ്പോൾ പോലും പ്രയാസമാണ്. സുരേഷ് ഗോപിയുമായി ഇപ്പോഴും സ്‌നേഹക്കുറവൊന്നുമില്ല. സമീപകാലത്ത് ചില പ്രശ്‌നങ്ങളില്‍ ചോദ്യങ്ങള്‍ വന്നപ്പോഴെല്ലാം ആ ബന്ധമുള്ളതിനാല്‍ പ്രതികരിക്കാന്‍ മടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോള്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയുള്ള പരിപാടികളെല്ലാം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. സുരേഷ് ഗോപിയുടെ പഴയ ഗുണത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ ഗുണവും പോയിരിക്കുകയാണെന്നും അദ്ദേഹം ജയിക്കില്ലെന്നും എഎം ആരിഫ് പറഞ്ഞു.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.അവിടെ എന്തോ വല്ലാത്ത സംഭവം ഉണ്ടാക്കാന്‍ പോകുകയാണെന്നാണ് ബിജെപി വക്താക്കള്‍ പ്രചാരണം നടത്തുന്നത്.കഴിഞ്ഞ തവണ വല്ലാതെ കോപ്പൂകൂട്ടി വന്നതാണ്. ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
അദ്ദേഹത്തിന് ആർ എസ് എസ്സിന്റെ നാവാണ്,അതാണ് പ്രശ്നം. വ്യക്തിപരമായി കൊള്ളാം, പക്ഷേ അദ്ദേഹത്തിന്‍റെ പ്രസ്ഥാനം കൊള്ളില്ല. അമ്പലപ്പുഴ പാല്‍പ്പായസം ഒന്നാം തരമാണ്. പക്ഷേ അത് വിളമ്പിയിരിക്കുന്നത് തുപ്പല്‍ കോളാമ്പിയിലാണെന്ന് പറഞ്ഞതുപോലെ, നല്ല മനുഷ്യനായിരിക്കാം. പക്ഷേ ബിജെപിയിലായിപ്പോയി. ലോക്സഭ എംപിയായി പാർലമെന്‍റിലേക്ക് വരാൻ ഒരു സാധ്യതയുമില്ല. അതിനുള്ള അവസരം അദ്ദേഹം തന്നെ കളഞ്ഞുകുളിക്കുമെന്നും മാതൃഭൂമി ചാനലിൽ എഎം ആരിഫ് എംപി പറഞ്ഞു.