എൺപതുകാരിയായ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച മരുമകളെ അറസ്റ്റ് ചെയ്തു

കൊല്ലം : തേവലക്കര നടുവിലക്കരയിൽ 80 കാരിയായ അമ്മായി അമ്മയെ ക്രൂരമായി ഉപദ്രവിച്ച മരുകമളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച മരുമകൾ മഞ്ജുമോൾ തോമസിനെതിരെ (42) ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഏലിയാമ്മയുടെ നേരെയുള്ള ക്രൂരമർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടി വിക്ക് മുന്‍പിലിരിക്കുന്ന ഏലിയാമ്മയോട് എഴുന്നേറ്റ് പോകാനാൻ ആക്രോശിക്കുന്നതിന് പിന്നാലെ തളളി താഴെയിടുന്നു.വീണിടത്ത് നിന്ന് ഏതാനും സെക്കൻഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാൻ തന്നെയൊന്ന് സഹായിക്കണം എന്ന് വയോധിക ആവശ്യപ്പെടുന്നു.

നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം വീഡിയോ പകർത്തുന്ന ആൾ വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതി മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനുപിന്നാലെ കുഞ്ഞുമക്കളുടെ മുന്‍പില്‍ വച്ച്‌ അമ്മായിഅമ്മയെ വീണ്ടും മഞ്ജുമോൾ ആക്രമിച്ചു.ഇരുമ്പുവടി കൊണ്ട് മഞ്ജുമോൾ ഏലിയാമ്മയെ അടിക്കുകയായിരുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്ത് പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു.കുടുംബവഴക്കിനെ തുടർന്നാണു മഞ്ജുമോൾ ഏലിയാമ്മ വർഗീസിനെ ക്രൂരമായി മർദിച്ചതെന്നാണ് വിവരം