മാതൃഭൂമിയുടെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുന്നവർക്കായി വീണ്ടും ഒരിക്കൽ കൂടി ഈ പരിപാടി സമർപ്പിക്കുന്നു എന്ന മുഖവരയോടെ എ എം ആരിഫ് എം പി.
മാതൃഭൂമി ചാനലിൽ നൽകിയ ഒരു അഭിമുഖത്തിൽ സഭയിലെ ആദ്യകാല അനുഭവങ്ങളെ പറ്റി വിവരിക്കാൻ പറഞ്ഞ സന്ദർഭത്തിൽ, സഭാകമ്പം പോലും മാറാത്ത സന്ദർഭത്തിലായിരുന്നു സുപ്രധാനപ്പെട്ട ആ ബില്ലുകൾ വന്നത്. ആ കൂട്ടത്തിൽ ഒരെണ്ണം ആയിരുന്നു നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് അമിത അധികാരം കൊടുക്കുന്നതിന് ബില്ല് കൊണ്ടുവന്നത്. ആ ബില്ലിന്റെ ചർച്ചയിൽ ബിജെപി ഗവൺമെന്റിന് എതിരായി വിമർശിച്ച കോൺഗ്രസ് അംഗങ്ങൾ പോലും വോട്ടെടുപ്പ് വന്ന ഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു.
എൻ.ഐ.എ കൊണ്ടുവന്നത് കോൺഗ്രസാണ് അതുകൊണ്ട് അത് ഞങ്ങളുടെ കുഞ്ഞാണ് എന്ന കാരണങ്ങൾ പറഞ്ഞു കോൺഗ്രസ് അതിനൊപ്പം നിന്നു. വളരെ കുറച്ച് ആളുകൾ മാത്രമേ എതിർക്കാനുള്ളൂ എന്നതുകൊണ്ട് അതിനെതിരായി വോട്ട് രേഖപ്പെടുത്തുന്നവർ എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. ആ സമയത്ത് എഴുന്നേറ്റ് നിൽക്കാൻ ഞങ്ങൾ ആറുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ ഏക മലയാളി ഞാനായിരുന്നു.ആ എഴുന്നേറ്റു നിൽക്കുന്ന ആറുപേരെ കുറിച്ച് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞത് ” ആരാണ് തീവ്രവാദികൾക്കൊപ്പം, ആരാണ് തീവ്രവാദികൾ ക്കെതിരെ എന്ന് ലോകം കാണട്ടെ”എന്നാണ്. അദ്ദേഹത്തിന്റെ അലർച്ച കേട്ടാൽ ആരായാലും ഭയപ്പെട്ടു പോകും. അദ്ദേഹത്തിന്റെ ഭാഷയും, ആകാരവും, രൂപവും എല്ലാം കണ്ടാൽ ആരായാലും ഒന്ന് ഭയന്ന് പോകും.
അമിത്ഷായെ കണ്ടാൽ ഭയക്കാത്തത് ആർഎസ്എസുകാർ മാത്രമാണ് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എടുത്തു നോക്കിയാൽ അറിയാം അദ്ദേഹത്തിന്റെ അലർച്ച. അമിത്ഷായുടെ ഒരു പ്രസംഗം പോലും പ്രതിപക്ഷം മുഴുവനായി കേൾക്കാറില്ല. എല്ലാ സന്ദർഭങ്ങളിലും ആ അലർച്ച കേൾക്കാൻ ആവാതെ പ്രതിപക്ഷം ഇറങ്ങിപ്പോവാറാണ് പതിവ്.ഏറ്റവും ഒടുവിൽ ജമ്മു&കാശ്മീരിന്റെ പുനസംഘടന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പ്രതിപക്ഷം ഒന്നാകെ ഇറങ്ങി പോയതും അദ്ദേഹത്തിന്റെ അലർച്ച സഹിക്കാൻ വയ്യാതെയാണ്. ഈ അലർച്ചകൾ ആയിരംവെട്ടം കേട്ടാലും ഭയപ്പെടില്ല. അതിനി എന്തൊക്കെ സംഭവിച്ചാലും പറയാനുള്ളത് പറഞ്ഞുതന്നെ പോവുകയുള്ളു.
ഇതായിരുന്നു പാർലമെന്റിൽ നടന്ന സംഭവം. ഈ സംഭവത്തെ ആലങ്കാരികമായി പറഞ്ഞതിനെയാണ് ബി.ജെ.പിക്കാർ ആഘോഷമാക്കി കൊണ്ടാടികൊണ്ടിരിക്കുന്നത്. ഒരു തമാശ പറഞ്ഞാൽ അതും അലങ്കാരമായി എടുത്ത് ആയുധമാക്കാൻ ശ്രമിക്കുന്ന സംഘികളോട് സഹതാപം മാത്രമേയുള്ളൂ. കോൺഗ്രെസ്സുകാർ കുറച്ചുപേരും ആ താളത്തിനൊത്ത് തുള്ളുന്നുണ്ട്. അവർക്കെല്ലാമുള്ള മറുപടിയാണ് ഷാനി പ്രഭാകരൻ അവതരിപ്പിച്ച പറയാതെ വയ്യ എന്ന പരിപാടിയുടെ എപ്പിസോഡ്.