വേഗത്തിൽ വ്യാപനശേഷിയുള്ള ജെഎൻ-1 കോവിഡ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ജെഎൻ-1 കോവിഡ് ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു. ഡിസംബർ 8ന് തിരുവനന്തപുരത്തെ കരകുളത്തു 79 കാരിയിൽ നിന്ന് ശേഖരിച്ച സാംപിളിന്റെ പരിശോധനയിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്. നേരത്തെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലെത്തിയ വ്യക്തിയിൽ ജെഎൻ-1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു.എന്നാൽ തിരുച്ചിറപ്പള്ളി ജില്ലയിലോ തമിഴ്‌നാട്ടിലെ മറ്റ് സ്ഥലങ്ങളിലോ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല.

വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയിൽ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെഎൻ 1 വകഭേദം റിപ്പോർട്ട് ചെയ്യുന്നുണ്ട്.അമേരിക്കയിലാണ് പുതിയ വകഭേദം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചൈനയിലടക്കം വ്യാപകമായി. ഇതിൻറെ സ്വഭാവം വ്യാപനശേഷി എന്നിവയെ പറ്റി പഠിക്കാൻ ഇപ്പോൾ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.  ഇതിനെതിരെ വാക്സീൻ നിര്‍മിക്കാനുള്ള പഠനവും മറ്റൊരു ഭാഗത്ത് ഗവേഷകർ നടത്തുന്നുണ്ട്.

നിലവിൽ സംസ്ഥാനത്ത് ആകെ 1324 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്.പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളവയാണ്. കാര്യമായ ചികിത്സ കൂടാതെതന്നെ ഇത് ഭേദമാകുമെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.വേഗത്തിൽ പടരാനും പ്രതിരോധശേഷി ദുർബലമാക്കാനും ഉപവിഭാഗത്തിന് കഴിയുമെന്നതാണ് ജെഎൻ-1 കോവിഡ് ഉപവകഭേദത്തിന്റെ പ്രത്യേകത