“ഒരു കിളിയായിരുന്നെങ്കിൽ ഞാൻ” യുവകവി ഹരിലാൽ ഐക്കര വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: യുവകവി ഹരിലാൽ ഐക്കരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന നാട്ടുകാരാണ് ഹരിലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാൽപ്പത്തിമൂന്ന് വയസായിരുന്നു. അവിവിഹാഹിതനായ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ബി​ഗ് ബോസ് ടെലിവിഷൻ ഷോയിൽ പരീക്കുട്ടി പാടിയ ‘ഒരു കിളിയായിരുന്നെങ്കിൽ’ ഞാൻ എന്ന കവിത എഴുതിയത് ഹരിലാൽ ആയിരുന്നു. ഈ കവിത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. വള്ളികുന്നം മഠത്തിലയ്യത്ത് ജംഗ്ഷന് സമീപം കളീക്കൽ തെക്കതിൽ വീട്ടിലായിരുന്നു ഹരിലാൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ച നാട്ടുകാർ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തുകയും ഉടനെത്തന്നെ പഞ്ചായത്തം​ഗത്തെ അറിയിക്കുകയുമായിരുന്നു.

കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോൾ ഹരിലാലിനെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിലാൽ കരൾ രോ​ഗ ബാധിതനായിരുന്നു എന്നാണ് റിപ്പോർട്ട്.