നവകേരള സദസ്സ് പത്തനംതിട്ട, പങ്കെടുക്കാതെ മുസ്ലിം ജമാഅത്ത്,മുൻ ഡിസിസി അധ്യക്ഷനും ജനറൽ സെക്രട്ടറിയും പ്രഭാതയോഗത്തിൽ

പത്തനംതിട്ട : ജസ്റ്റിഫ് ഫാത്തിമ ബീവി അന്തരിച്ചപ്പോൾ മന്ത്രിമാരാരും എത്താത്തതിൽ പ്രതിഷേധിച്ച്‌ പത്തനംതിട്ടയിലെ നവകേരള സദസിൽ നിന്ന് മുസ്ലിം ജമാഅത്ത് വിട്ടുനിന്നു. പത്തനംതിട്ട മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും മുൻ ഡിസിസി ജനറൽ സെക്രട്ടറി സി ചാക്കോയും നവേകരള സദസിന്റെ ഭാഗമായ മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിൽ പങ്കെടുത്തു.ഇരുവരും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ടവരാണ്.

മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട ഭിന്നതയാണ് ഇതിന് പിന്നിലെ കാരണം. സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനെ ജമാ അത്ത് കമ്മിറ്റി വിമർശിച്ചിരുന്നു. സ്വന്തം ജില്ലക്കാരിയായ ആരോഗ്യമന്ത്രി വീണാ ജോർജ് എത്തിയില്ലെന്നായിരുന്നു മുസ്ലിം ജമാഅത്ത് ഭാരവാഹികൾ പറഞ്ഞത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്ന മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരുമെന്നും കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. നവകേരള സദസ് നടക്കുന്നതിനാലാണ് മന്ത്രി പങ്കെടുക്കാതിരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.