വഴിയില്‍ ഒന്നു തടഞ്ഞുനോക്ക്, യൂത്ത് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിച്ച് എം.എസ് ഗോപീകൃഷ്ണന്‍ എന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍.കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് വെല്ലുവിളി നടത്തിയത്. കടയ്ക്കലിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് കുമ്മിള്‍ ഷമീര്‍ മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന പൗരപ്രമുഖര്‍ ആരാണെന്ന് നേരത്തെ വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ലഭിച്ച ഉത്തരം സഹിതം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പോലീസുകാരന്‍റെ കമന്‍റ്. 

ആലപ്പുഴയില്‍ നവകേരള സദസ് ബസിന് മുന്‍പില്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിന്‍റെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘര്‍ഷമുണ്ടായി. അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് അധിക സുരക്ഷ ഒരുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

‘കഴിയുമെങ്കില്‍ വണ്ടി വരുമ്പോള്‍ വഴിയില്‍ ഒന്ന് തടഞ്ഞുനോക്ക് കടയ്ക്കല്‍.. എല്ലാ മറുപടിയും അന്ന് തരാം’ എന്നായിരുന്നു എം.എസ് ഗോപീകൃഷ്ണന്‍റെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന സെക്യൂരിറ്റി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥനാണ് കമന്‍റിട്ട എം.എസ് ഗോപീകൃഷ്ണന്‍. സംഭവം വാര്‍ത്തയായതിന് പിന്നാലെ കമന്‍റ് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.