ചരക്കുകപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന

മുംബൈ: അറബിക്കടലിൽ മാൾട്ടയിൽ നിന്ന് സൊമാലിയയിലെക്ക് സഞ്ചരിച്ച ചരക്കുകപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം വി റൂയൻ ആണ് ഇന്ന് പുലർച്ചെ ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണം ശക്തമാക്കി.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന ഹെലികോപ്റ്ററുമാണ് അപായ മുന്നറിയിപ്പ് ലഭിച്ചതോടെ കപ്പലിന് സമീപത്തേക്ക് പാഞ്ഞെത്തിയത്. കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും സൊമാലിയൻ മേഖലയിലേക്ക് യാത്ര തുടരുന്ന കപ്പൽ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ നേവി അറിയിച്ചു.ഇന്ത്യൻ നാവികസേന ഈ മേഖലയിൽ ശ്രദ്ധിക്കാനും മറ്റ് ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.