ഓസ്കർ പട്ടികയിൽ നിന്ന് ‘2018 എവരിവൺ ഈസ് ഹീറോ’ പുറത്തുപോയതിന് പിന്നാലെ തങ്ങളെ പിന്തുണച്ചവരോട് ക്ഷമ ചോദിച്ച് ജൂഡ് ആന്തണി. നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നെന്നും സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
” ഞങ്ങളുടെ 2018 ഓസ്കറിൽ അവസാനത്തെ 15 ചിത്രങ്ങളിൽ ഇടം നേടിയില്ല. എല്ലാവരോടും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു. ഇത് ജീവിതാവസാനം വരെ നെഞ്ചിലേറ്റും.ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. നിർമാതാക്കള്‍ക്കും, കലാകാരന്മാർക്കും, ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി ”
പ്രേക്ഷക -നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവൺ ഈസ് ഹീറോ’. ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്.