ഭക്ഷണത്തിലും പാനീയത്തിലും മാസങ്ങളോളം വിഷം കലർത്തി നൽകി പങ്കാളിയെ കൊലപ്പെടുത്തിയ 53കാരിയ്ക്ക് ഏഴു വർഷം തടവ്

ലണ്ടൻ: 2017ൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് കോടതി ശിക്ഷ വിധിച്ചത്. 71 കാരനായ ജോൺ ഷരാർഡിന് ഭക്ഷണത്തിലും പാനീയത്തിലുമായി മാസങ്ങളോളം തുടർച്ചയായി വിഷം നൽകി കൊലപ്പെടുത്തിയ പങ്കാളി 53കാരിയായ ലില്ലി കാർട്ടിയർ എന്ന സ്ത്രീക്ക് ഏഴു വർഷം തടവ് വിധിച്ച് കിംഗ്സ്റ്റൺ ക്രൗൺ കോടതി.

യുകെയിലെ ഒരു ഫാർമസി ജീവനക്കാരിയായ ലില്ലി കാർട്ടിയർ ജോലിസ്ഥലത്ത് നിന്ന് ശേഖരിച്ച മയക്കുമരുന്നാണ് ജോൺ ഷരാർഡിന്റെ ഭക്ഷണത്തിലും പാലിലും മറ്റ് പാനീയങ്ങളിലും കലർത്തി മാസങ്ങളോളം നൽകിയത്. തുടർച്ചയായി ആരോഗ്യനില മോശമാകുകയും സംസാരിക്കാനാകാതെ വരികയും കാലുകളുടെ ചലനശേഷി നഷ്ടമാകുകയും ചെയ്ത ഷരാർഡിന് ആദ്യം നടത്തിയ പരിശോധനയിൽ പക്ഷാഘാതമെന്നായിരുന്നു ഡോക്ടർ കണ്ടെത്തിയത്.

ആരോഗ്യനില മോശമായ ഷരാർഡ് രണ്ടുതവണ കുഴഞ്ഞുവീണതോടെ കാർട്ടിയർ വിഷം നൽകിയതാകാമെന്ന് സഹോദരൻ പോലീസിനെ അറിയിച്ചിരുന്നു. ബോധപൂർവം ഒരു മരുന്നും കഴിച്ചിട്ടില്ലെന്ന് ഷരാർഡ് ഡോക്ടർമാരോട് പറഞ്ഞു.വീട്ടിൽ നടത്തിയ പരിശോധനയിൽ കാർട്ടിയർ ജോലി സ്ഥലത്ത് നിന്ന് ശേഖരിച്ച രണ്ട് വ്യത്യസ്ത മരുന്നുകൾ കാർട്ടിയറുടെ ഹാൻഡ്‌ബാഗിലും മുറിയിൽ നിന്നുമായി പോലീസ് കണ്ടെത്തി.

പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ജോൺ ഷരാർഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ കാർട്ടിയർ ബാങ്ക് കാർഡുകകൾ ഉപയോഗിച്ച് ഷോപ്പിങ് നടത്തിയതായും 6,000 പൗണ്ടിലധികം ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനായി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.വ്യക്തമായ തെളിവുകളോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017ൽ ലില്ലി അറസ്റ്റിലായി. ഇതിനിടെ ഷരാർഡ് മരിച്ചു.