പിഎ ബക്കർ സംവിധാനം ചെയ്യാനിരുന്ന ഞാൻ നായകനായ സഖാവ് എന്ന സിനിമ നടക്കാതെ പോയതിൽ വിഷമമുണ്ട്. പ്രേം കുമാർ

തന്നെ നായകനാക്കി പിഎ ബക്കർ സംവിധാനം ചെയ്യാനിരുന്ന സഖാവ് എന്ന സിനിമ നടക്കാതെ പോയതിൽ വിഷമം തോന്നിയെന്ന് പ്രേം കുമാർ. ഒരുപക്ഷെ ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള കഥാപാത്രമായിരുന്നു സഖാവ് കൃഷ്ണപിള്ള. കമ്മ്യൂണിസത്തിലേക്ക് ആകർഷിട്ടനായത് സഖാവ് എന്ന സിനിമ ചെയ്യുമ്പോഴാണ്. കേരളത്തിലെ കമ്മ്യൂണിസത്തിന്റെ സ്ഥാപക നേതാവെന്ന് തന്നെ പറയാവുന്ന സഖാവ് കൃഷ്ണപിള്ളയുടെ വ്യക്തി ജീവിതം ആഴത്തിൽ അറിഞ്ഞതാണ് എന്നെ കമ്മ്യൂണിസ്റ്റാക്കിയതെന്നും മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയിൽ പ്രേം കുമാർ പറയുന്നു.

ഭാവനയിൽ രൂപപ്പെട്ട കഥാപാത്രമല്ല. സഖാവ് കൃഷ്ണപിള്ള ഇവിടെ ജീവിച്ചിരുന്ന മനുഷ്യനാണ്. വലിയൊരു കഥാപാത്രമായിരുന്നു. പി കൃഷ്ണപിള്ളയായി തന്നെ മാറ്റാൻ ഏറെ ശ്രമിച്ചു. പട്ടിണി കിടന്നു എന്ന് തന്നെ പറയാം. വളരെ മെലിഞ്ഞ രൂപമായിരുന്നു സഖാവിന്റേത്. അദ്ദേഹവുമായി അടുത്ത ബന്ധമുള്ളയാളുകളുമായി ഞാൻ സംസാരിച്ചിട്ടുണ്ടായിരുന്നെന്നും പ്രേം കുമാർ ഓർത്തു.

പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ല എന്നത് പണ്ട് മുതൽക്കേ താനെടുത്ത തീരുമാനമാണെന്ന് പ്രേം കുമാർ വ്യക്തമാക്കി. ഏതെങ്കിലും ഉൽപ്പന്നത്തെക്കുറിച്ച് പറയണമെങ്കിൽ അതിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയണം. ഈ സോപ്പ് ഉപയോ​ഗിച്ചാൽ നിങ്ങളുടെ ചൊറി മാറുമെന്ന് പറയണമെങ്കിൽ ആദ്യം എനിക്ക് ആദ്യം ചൊറി വരികയും ആ സോപ്പ് ഉപയോ​ഗിച്ച് ചൊറി മാറിയെന്ന് എനിക്ക് ബോധ്വപ്പെടുകയും വേണം.

അല്ലാതെ ഹൃദയത്തോട് ചേർത്ത് വെച്ച ജനതയോട് എന്റെ മനസാക്ഷിയെ വഞ്ചിച്ച് സംസാരിക്കാൻ പറ്റില്ല. എത്ര കാശ് തന്നാലും ചെയ്യില്ല. സമൂഹത്തോടുള്ള എന്റെ പ്രതിബന്ധത കൂടിയാണത്. പണമുണ്ടക്കാൻ മാത്രമാണെങ്കിൽ കുറേ സിനിമകളിൽ ഒരു കാലത്ത് അഭിനയിക്കാമായിരുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സീരിയലുകളിൽ അഭിനയിക്കാനില്ല. ചില സീരിയലുകൾ എൻഡോസൾഫാനെ പോലെ അപകടകരമാണെന്നും പ്രേം കുമാർ അഭിപ്രായപ്പെട്ടു.