സംഘടനയുടെ പ്രശ്നങ്ങൾ വ്യക്തിപരമായ പ്രശ്നങ്ങളായി മാറി,എന്റെ ഓരോ ദിവസവും പ്രശ്നങ്ങളിലാണ് തുടങ്ങുന്നത്.ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ  ജനറൽ സെക്രട്ടറി സ്ഥാനം വ​ഹിക്കുന്ന നടനാണ് ഇടവേള ബാബു. അമ്മയുടെ സ്ഥാനം ഒഴിയാൻ  സംഘടനയുടെ യോ​ഗത്തിൽ താൽപര്യം പ്രകടിപ്പിച്ച ഇടവേള ബാബു സംഘട‌നയുടെ തലപ്പത്തേക്ക് തനിക്ക് പകരം മറ്റൊരാൾ വരണമെന്ന അഭിപ്രായത്തിലാണ്.

നമ്മൾ ഒരു കസേരയിൽ പിടിച്ചിരിക്കുന്നതായി പൊതു ജനത്തിന് തോന്നലുണ്ട്. പക്ഷെ സംഘടനയ്ക്കുള്ളിൽ അങ്ങനെയല്ല. കഴിഞ്ഞ മൂന്ന് തവണകളിലും എനിക്കെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരും മത്സരിച്ചിട്ടില്ല. 25 വർഷം സംഘടനാ സ്ഥാനത്ത് ഇരിക്കുന്നു. പുതിയതായി ഒന്നും ചെയ്യാനില്ല. അമ്മ സംഘടനയോട് വിമുഖതയുള്ളത് കൊണ്ടല്ല സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിക്കുന്നതെന്നും ഇടവേള ബാബു വ്യക്തമാക്കി.

സംഘടനയുടെ പ്രശ്നങ്ങൾ വ്യക്തിപരമായ പ്രശ്നങ്ങളായി മാറി. എന്റെ ഓരോ ദിവസവും പ്രശ്നങ്ങളിലാണ് തുടങ്ങുന്നത്. അതിന്റെ പരിമിതികൾ വിട്ടു. സോഷ്യൽ മീഡിയയിലെ മോശം കമന്റുകളും തന്നെ ബാധിച്ചു. വീണ്ടും ജനറൽ സെക്ര‌ട്ടറി സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും ഇടവേള ബാബു പറയുന്നു.

സ്ഥാനമൊഴിയുകയാണ് എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി തന്റെ സംഘടനാ പാടവത്തെ പ്രശംസിച്ച് സംസാരിച്ചിരുന്നു. മമ്മൂക്ക പൊതുവേദികളിൽ അങ്ങനെ സംസാരിക്കുന്ന ആളല്ല. മമ്മൂക്കയുടെ മനസിൽ എന്നെക്കുറിച്ചൊരു ധാരണയുണ്ടെന്ന് പ്രകടിപ്പിച്ച സന്ദർഭമാണത്. പുള്ളി ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഞങ്ങൾ തമ്മിൽ നല്ല കോംബോ ആയിരുന്നു. ഒരു കാര്യത്തിന്റെ റിസൽട്ട് ആണ് മമ്മൂക്ക നോക്കുക. എന്ത് വിഷയം ചോദിച്ചാലും മമ്മൂക്കയ്ക്ക് അറിയാം.

ചില സമയത്ത് ഉട‌ക്കുകയും ചെയ്യും. ഒരു ദിവസം നിരന്തരം വെറുതെ ചെറിയ കാര്യങ്ങളിൽ ഉടക്കിയപ്പോൾ എനിക്കിത് പറ്റില്ല, നമ്മൾ തമ്മിൽ ഒത്ത് പോകില്ലെന്ന് മമ്മൂക്ക പറഞ്ഞു. അന്ന് മമ്മൂക്ക പറഞ്ഞ മറുപടിയുണ്ട്. ബാബൂ, ഞാനങ്ങനെ എല്ലാവരോടും ഉടക്കുന്ന ആളല്ല. എനിക്കിഷ്ടമുള്ളവരോ‌ട് വഴക്കടിക്കും. അത് വഴക്കല്ല, എന്റെ രീതിയാണ്. അടുപ്പമില്ലാത്തവരെ ഞാൻ അടുപ്പിക്കാറില്ല എന്നാണ് മമ്മൂക്ക പറഞ്ഞത്. ഇപ്പോൾ മമ്മൂക്ക സംഘടനയുടെ ഔദ്യോ​ഗിക സ്ഥാനത്തില്ലെങ്കിലും അദ്ദേഹവുമായി ചർച്ചകൾ നടത്താറുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധി ഭവനിൽ കഴിയുന്ന മുതിർന്ന നടനും സംഘടനയുടെ ആദ്യ കാല ജനറൽ സെക്രട്ടറിയുമായിരുന്ന ടിപി മാധവന് സംഘടന സഹായം നൽകുന്നുണ്ടെന്നും ആശുപത്രി ബില്ലുകൾ സംഘടനയിൽ നിന്നാണ് കൊടുക്കുന്നതെന്നും മാസം തോറും അദ്ദേഹത്തിനുള്ള തുക നൽകുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. ടിപി മാധവൻ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരിക്കുന്ന കാലത്ത് ഉണ്ടായ അനുഭവമാണ് തനിക്ക് ഈ സംഘടനയുടെ തലപ്പത്തെത്താനുള്ള വാശി ഉണ്ടാക്കിയതെന്ന് ഇടവേള ബാബു വ്യക്തമാക്കി.

അന്ന് ഞാൻ അവിചാരിതമായി ആ ഹോട്ടലിൽ ചെന്ന് സംസാരിച്ചിരുന്നു. പെട്ടെന്ന് ഹോട്ടൽ ബോയിയെക്കൊണ്ട് എണീറ്റ് പോണം, യോ​ഗം നടക്കുന്ന സ്ഥലമാണ് എന്ന് പറയിപ്പിച്ചു.
പോകുന്ന വഴി ഞാൻ തിരിഞ്ഞ് നോക്കി. എവിടെയോ മനസിൽ കൊണ്ടു. അത് മനസിൽ വലുതായിട്ടുണ്ടാകും. അമ്മയുടെ താക്കോൽ എന്റെ കൈയിലേക്ക് വരണമെന്ന് എവിടെയോ ആഗ്രഹിച്ചുണ്ടാകാമെന്നും ഇടവേള ബാബു തുറന്ന് പറഞ്ഞു.