പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ,2 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യും

തൃശൂര്‍ : തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. 2 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയിലും മോദി പങ്കെടുക്കും. ഇന്ന്  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി പ്രധാന പരിപാടികളില്‍ പങ്കെടുക്കും.

കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു ലക്ഷത്തോളം പുരുഷന്മാരെ റോഡ്‌ഷോയിൽ പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും.

മഹിളാ സമ്മേളനത്തിൽ സംസ്ഥാനത്തെ പ്രമുഖബി ജെ പി നേതാക്കളും ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തില്‍ പങ്കെടുക്കെമെന്നാണ് ബിജെപി അറിയിയ്ക്കുന്നത്‌.ചില മത നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കുമെന്നാണ് സൂചന.സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് തൃശ്ശൂര്‍ നഗരം.പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കനത്ത പരിശോധനയ്ക്കു ശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും കടത്തിവിടുന്നത്. നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിയ്ക്കുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.