കറുത്ത ചുരിദാർ ധരിച്ചത് കൊണ്ട് നവകേരള സദസ്സിൽ കയറ്റാതെ പൊലീസ് തടഞ്ഞുവച്ചു,നഷ്ടപരിഹാരത്തിനായി യുവതി ഹൈക്കോടതിയിൽ

കൊച്ചി: കറുത്ത ചുരിദാർ ധരിച്ച് നവകേരള സദസ് കാണാൻ എത്തിയതിന് പോലീസ് മണിക്കുറോളം തടഞ്ഞുവച്ചു എന്ന പരാതിയുമായി യുവതി ഹൈക്കോടതിയിൽ. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് പോലീസ് നടപടിയിൽ തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ഡിസംബര്‍ 18 ന് കൊല്ലം രണ്ടാലുംമൂട് ജംഗ്ഷനിൽ നവകേരള സദസിൽ പങ്കെടുക്കാൻ ഭർതൃമാതാവ് ടി.അംബികാദേവിക്കൊപ്പം എത്തിയതായിരുന്നു ഹർജിക്കാരി. എന്നാൽ കറുത്ത വസ്ത്രം ധരിച്ചത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹർജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്.

രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹർജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്. ഒരു രാഷ്ട്രിയ പാർട്ടിയിലും അംഗമല്ലെന്നും പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്ന് പറഞ്ഞെങ്കിലും പോലീസ് കേട്ടില്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരി അറിയിച്ചു.ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്ച പരിഗണിക്കും.