പ്രധാനമന്ത്രിയല്ല ആര് ശ്രമിച്ചാലും ബിജെപിയുടെ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ല,വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ഒരു സീറ്റ് പോലും നേടാനാകില്ല.ബിജെപിയുടെ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല.ഇന്ത്യയിൽ ക്രൈസ്തവർ ഏറ്റവുമധികം ആക്രമിക്കപ്പെട്ട വർഷമാണ് കടന്നുപോയതെന്നും വിഡി സതീശൻ.

ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘപരിവാറുകാര്‍ പെരുമാറുന്നതെന്നത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും ഉണ്ട്.സംസ്ഥാനത്ത് ക്രൈസ്തവ വീടുകളിൽ കയറിയിറങ്ങുകയാണ് ബിജെപി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎം നേതൃത്വത്തിലുള്ള എല്‍.ഡി.എഫും ഏറ്റുമുട്ടുന്ന കേരളത്തില്‍ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ല.ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ല.

ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫീസുകള്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തില്‍ സി.പി.എമ്മുമായി സംഘപരിവാര്‍ സന്ധി ചെയ്തത് എന്തുകൊണ്ടാണ്?

കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സര്‍ക്കാര്‍ സഹായിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികളും സംരക്ഷിച്ചു. മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റി വയ്ക്കുന്നത്. സിബിഐ അഭിഭാഷകന്‍ ഹാജരാകുന്നില്ല. സിപിഎമ്മും സംഘപരിവാര്‍ ശക്തികളും തമ്മിലുള്ള ധാരണ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തരുത് എന്നതാണ് ഇവരുടെ പൊതുലക്ഷ്യം.

തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചന സി.പി.എമ്മും സംഘപരിവാറും നടത്തുകയാണ്. ഇതിനെയൊക്കെ നേരിട്ട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. തൃശൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ല.വിഡി സതീശൻ പറഞ്ഞു