ഇടുക്കിയിൽ ജനുവരി ഒമ്പതിന് ഗവർണർക്കെതിരെ എൽഡിഎഫ് ഹർത്താൽ

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ജനുവരി ഒമ്പതിന് എൽഡിഎഫ് ഹർത്താൽ ആചരിക്കും.ജനുവരി 9ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ ദിവസം ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനം തൊടുപുഴയിൽ ഗവർണർ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും മൂലം നിലനില്‍പിനായി പോരാടുന്ന മലയോര ജനതയ്‌ക്കെതിരെയുള്ള ശത്രുതാപരമായ ഈ നീക്കത്തില്‍ നിന്ന് ജില്ലയിലെ വ്യാപാരി സമൂഹം പിന്തിരിയണം.എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുന്ന ഒന്‍പതിന് ഗവര്‍ണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച്‌ വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.