രാമ വിഗ്രഹവുമായുള്ള നഗരപ്രദക്ഷിണം ഉപേക്ഷിച്ചു, വൻ ജനത്തിരക്കു കാരണം സുരക്ഷാ അസാദ്ധ്യം

അയോധ്യ: പുതിയ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പോകുന്ന വിഗ്രഹവുമായുള്ള   ജനുവരി 17നു നടത്താനിരുന്ന നഗരപ്രദക്ഷിണം (നഗർ യാത്ര) ഉപേക്ഷിച്ചു. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണിത്. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായാണ് ഈ നഗരയാത്ര പദ്ധതിയിട്ടിരുന്നത്.

നഗരത്തിൽ അന്നേദിവസം വൻ തിരക്കുണ്ടാകുമെന്നും സുരക്ഷാ ഏജൻസികളുടെ കണക്കുകൂട്ടൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ അയോധ്യയിലേക്ക് പ്രവഹിക്കുമെന്നും . ഈ സന്ദർഭത്തിൽ സുരക്ഷാകാര്യങ്ങൾ നിർവ്വഹിക്കുക പ്രയാസമായിരിക്കുമെന്നുമാണ് സുരക്ഷാ ഏജൻസികൾ ട്രസ്റ്റിനെ അറിയിച്ചിരിക്കുന്നത്.അയോധ്യാ എയർപോർട്ടിലേക്ക് 22ന് 40 ചാർട്ടേഡ് വിമാനങ്ങളുടെ ലാൻഡിങ് അപേക്ഷയാണ് ലഭിച്ചിരിക്കുന്നത്.

സുരക്ഷാ ഏജൻസികളുടെ നിർദ്ദേശം ലഭിച്ചതോടെ ട്രസ്റ്റ് കാശിയിൽ നിന്നുള്ള പുരോഹിതരുമായി ചർച്ച നടത്തുകയും, ക്ഷേത്ര വളപ്പിനകത്തുള്ള 70 ഏക്കർ സ്ഥലത്ത് എഴുന്നള്ളത്ത് നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു. ജനുവരി 22ന് ആരും അയോധ്യയിലേക്ക് വരരുതെന്നും വീടുകളിൽ പ്രാർത്ഥന നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ ക്ഷേത്രനഗരിയിലേക്കുള്ള ജനപ്രവാഹം ഇതുകൊണ്ട് തടയാനാകുമെന്ന് സുരക്ഷാ ഏജൻസികൾ കരുതുന്നില്ല.