കത്തിനശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടതും തുടർന്ന് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ തിരുവമ്പാടി പോലീസ് തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. അഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

മൃതദേഹം അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് അറിയാൻ പരിശോധന ആവശ്യമാണ്. ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.