സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു, സംസ്‍കാരം നാളെ ചെന്നൈയിൽ

ചെന്നൈ : പ്രശസ്ത മലയാള സിനിമാ സം​ഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2:30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 77 വയസായിരുന്നു.മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ ജോയിയെ മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്നാണ് വിശേപ്പിച്ചിരുന്നത്.ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചത് ജോയിയായിരുന്നു.

സം​ഗീത സംവിധായകൻ എം എസ് വിശ്വനാഥനാണ് ജോയിയെ സിനിമാ സംഗീത ലോകത്തേക്ക് പരിചയപ്പെടുത്തിയത്. എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്ന ജോയ് പിന്നീട് സ്വതന്ത്ര സം​ഗീത സംവിധായകനായി.1975 ൽ പുറത്തിറങ്ങിയ ‘ലവ് ലെറ്റർ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടുമായിരുന്നു ഇതിലെ ഗാനങ്ങൾ രചിച്ചത്.

അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃ​ഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ, തുടങ്ങി പാശ്ചാത്യശൈലിയിൽ ജോയ് ചിട്ടപ്പെടുത്തിയ മെലഡികൾ ഇന്നും മലയാളികൾക്കു പ്രിയങ്കരമാണ്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.

1994 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ദാദ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ച അവസാനചിത്രം.ബുധനാഴ്ച ചെന്നൈയിൽ സംസ്കാരം നടക്കും