പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. താമസം എറണാകുളം ഗസ്റ്റ് ഹൗസിലായിരിക്കും. വൈകുന്നേരം ആറരയോടെ നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. കെ പി സി സി ജംങ്ഷനിൽ നിന്നും തുടങ്ങുന്ന റോ‍ഡ് ഷോയിൽ പങ്കെടുക്കും.കെപിസിസി ജംഷ്ഷനിൽ നിന്നും തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന വിധത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ ഗുരൂവായൂരിലേക്ക് പോകും. അവിടെ ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും.

എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ശക്തികേന്ദ്ര ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.