യുവാവിനെ കുത്തിയ പ്രതി രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടു പോലീസിന്റെ പിടിയിലായി

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. സംഭവശേഷം രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടു പോലീസിന്റെ പിടിയിലായി. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനാണ് കുത്തേറ്റത്. കാലിനു കുത്തേറ്റ സമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കം രൂക്ഷമാവുകയും പ്രതി സമീറിനെ കുത്തിപ്പരിക്കൽപ്പിക്കുകയും ചെയ്യുകയായിരുന്നു.ചോട്ടാ നിസാർ എന്നയാളാണ് സമീറിനെ കുത്തിയത്.തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂഴിക്കലിൽ വച്ച്‌ പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു . അവിടെ വച്ച് തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.