സമ്പന്ന കർഷകർ ഇനി മുതൽ ആദായനികുതിയടക്കണം, കേന്ദ്ര സർക്കാർ നീക്കം

ന്യൂഡൽഹി : നികുതി സമ്പ്രദായത്തിൽ സുതാര്യത കൊണ്ടുവരാൻ സമ്പന്ന കർഷകർക്ക് ആദായനികുതി ചുമത്താൻ സർക്കാര്‍ പദ്ധതിയിടുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മോണിറ്ററി പോളിസി കമ്മിറ്റി (MPC) അംഗമാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

കുറഞ്ഞ നികുതി നിരക്കുകളും ഇളവുകളുമുള്ള ഡാറ്റാ സമ്പന്നമായ സംവിധാനത്തിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമായി രാജ്യത്തെ സമ്പന്നരായ കര്‍ഷകരെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.പി എം കിസാൻ യോജനയിലൂടെ രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം തോറും 6000 രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.

പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളില്‍ സമ്പന്നരായ കർഷകരെ ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം മുന്‍പും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കാർഷിക വരുമാനത്തിന്മേൽ നികുതി ചുമത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് എംപിസി അംഗം ആഷിമ ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.