വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി മോഷണം

തിരുവനന്തപുരം: വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി മയക്കി കിടത്തി മോഷണം. അബോധാവസ്ഥയിൽ കണ്ടെത്തിയ വർക്കല ഹരിഹരപുരം എൽ.പി സ്കൂളിന് സമീപം ലൈം വില്ലയിൽ 74 വയസ്സുള്ള ശ്രീദേവി അമ്മ, മരുമകൾ ദീപ, ഹോം നേഴ്സ് സിന്ധു എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. അഞ്ച് അംഗ സംഘത്തിലെ രണ്ട് പേർ പിടിയിലായി.

ശ്രീദേവി അമ്മയുടെ മകൻ ബാം​ഗ്ലൂരിൽ നിന്ന് രാത്രി ഭാര്യയായ ദീപയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സമീപവാസിയായ ബന്ധുവിനെ വിളിച്ചു. ബന്ധു ഇവരുടെ വീട്ടിലേക്ക് എത്തുമ്പോൾ നാലോളം പേർ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. വീടിനുള്ളിൽ ശ്രീദേവി അമ്മ, ദീപ, സിന്ധു എന്നിവർ ബോധരഹിതരായി കിടക്കുന്നതാണ് കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ സമീപത്ത് നിന്ന് ഒരാളെ പിടികൂടി. ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിക്കവേ വീടിന് പുറകിലെ മതിലിലെ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു.

സമീപത്ത് ഒളിച്ചിരുന്ന ഒരാളെ രാവിലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലോളം പേർ അടങ്ങുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നതായി കണ്ടെത്തി. ദീപയുടെ മുറിയുടെ വാതിൽ കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തിൽ അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.