ചെങ്കോട്ട: കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങി വരവെ തെങ്കാശിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് യുവാക്കൾ മരിച്ചു.കാർത്തിക് (28) വേൽ മനോജ് (24) പുളിയങ്കുടി സ്വദേശികളായ പോത്തിരാജ് (30), സുബ്രഹ്മണ്യൻ (27), മനോ സുബ്രഹ്മണ്യൻ (17) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ നാല് മണിയോടെ തെങ്കാശി പുളിയങ്കുടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
വാടകയ്ക്ക് എടുത്ത കാറിലാണ് അവധിദിനത്തിൽ സുഹൃത്തുക്കളായ ആറുപേരും കുറ്റാലത്തേക്ക് എത്തിയത്. ദിവസം മുഴുവൻ കുറ്റാലത്ത് ചെലവഴിച്ച ശേഷമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ആറുപേരെയും ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
എതിരെ വന്ന സിമന്‍റ് ലോറിയുമായി കൂട്ടിയിടിച്ച ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.