ശ്രീരാമനെയും ഹൈന്ദവ ആചാരങ്ങളെയും അപമാനിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച പി ബാലചന്ദ്രൻ എംഎൽഎ യോട് വിശദീകരണം തേടി സിപിഐ

തൃശൂർ : രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ് ബുക്ക് പോസ്റ്റിൽ പി ബാലചന്ദ്രൻ എംഎൽഎയോട് വിശദീകരണം തേടി സിപിഐ തൃശൂർ ജില്ലാ കൗൺസിൽ. ശ്രീരാമനെയും ഹൈന്ദവ ആചാരങ്ങളെയും അപമാനിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് വിശദീകരണം തേടിയത്. പോസ്റ്റ് വിവാദമായതോടെ അത് പിൻവലിച്ച് പി ബാലചന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നേരിട്ട് എത്തി വിശദീകരണം നൽകാനാണ് നിർദ്ദേശം. ബുധനാഴ്ച ചേരുന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ ചർച്ച നടത്തിയ ശേഷം തുടർനടപടി തീരുമാനിക്കും.

” രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ ” എന്നിങ്ങനെയുള്ള ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ പി ബാലചന്ദ്രൻ എംഎൽഎ പോസ്റ്റ് പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസംFB ൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിൻ്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു. എം എൽ എയുടെ ഖേദപ്രകടനം.