തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

ചെന്നൈ: ‘തമിഴക വെട്രി കഴകം’ എന്ന പേരിൽ ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പാര്‍ട്ടിയുടെ ലോഗോയും കൊടിയുമായി ഏപ്രിലില്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കും.

വിജയ് യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം കഴിഞ്ഞ ദിവസങ്ങളിൽ പനയൂരില്‍ ചേർന്ന ഭാരവാഹികളുടെ യോഗത്തില്‍ വെച്ച് പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരുന്നു.ഒരു കോടി അംഗങ്ങളെയാണ് തമിഴക വെട്രി കഴകം അംഗങ്ങളായി പ്രതീക്ഷിക്കുന്നത്.. ആരാധക സംഘടനക്കപ്പുറം രക്തദാനം, ഭക്ഷണ വിതരണം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സംഘടന പങ്കാളികളായിരുന്നു.

തമിഴ്‌നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിക്കുന്ന ചടങ്ങ് മക്കള്‍ ഇയക്കം സംഘടിപ്പിച്ചിരുന്നു.കുട്ടികള്‍ ഇരുവുനേര പാഠശാലൈ, സൗജന്യ നിയമസഹായ കേന്ദ്രം, ഗര്‍ഭിണികള്‍ക്ക് സൗജന്യ യാത്രസൗകര്യം, വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ മക്കള്‍ ഇയക്കം നടത്തിയിരുന്നു.

പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് പൊന്നാട അണിയിച്ച് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്ത വിജയ് മാതാപിതാക്കളോട് കാശ് വാങ്ങി ഇനി വോട്ട് ചെയ്യരുതെന്ന് പറയണമെന്ന് കുട്ടികളോട് പറയുകയും ചെയ്തിരുന്നു.