ജാർഖണ്ഡിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്

ജാർഖണ്ഡ് : ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ചമ്പായ് സോറെൻ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടും.ഞായറാഴ്ച രാത്രിയോടെ റാഞ്ചി ബിർസ മുണ്ട വിമാനത്താവളത്തിൽ ഹൈദരാബാദിലേക്ക് പ്രത്യേക വിമാനത്തിൽ മാറ്റിയ എംഎൽഎമാർ തിരികെ എത്തി. രാഷ്ട്രീയ അട്ടിമറി സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജെഎംഎം-കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് പ്രത്യേക വിമാനത്തിൽ മാറ്റിയത്.

48 മുതൽ 50 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ജെഎംഎമ-കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടാണെന്നും വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും ജാർഖണ്ഡ് മന്ത്രി അലംഗീർ ആലം പറഞ്ഞു.ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം വിശ്വാസവോട്ട് മറികടക്കും. ബിജെപി എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും ജെഎംഎം നേതാവ് എംഎൽഎ മിഥിലേഷ് താക്കൂറും അവകാശപ്പെട്ടു.

ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് ചമ്പായ് സോറൻ ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സോറനൊപ്പം കോൺഗ്രസ് നേതാവ് അലംഗിർ ആലമും ആർജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജാർഖണ്ഡിൽ ഭരണത്തിലുള്ള ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യത്തിനു ഇടത് പാർട്ടിയായ സിപിഐഎംഎൽ പുറത്ത് നിന്നും പിന്തുണ നൽകുന്നുണ്ട്.

81 സീറ്റുള്ള ജാർഖണ്ഡ് നിയമസഭയിൽ ഭരണത്തിനായി വേണ്ടത് 42 എംഎൽഎമാരുടെ പിന്തുണയാണ്. ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ ജെഎംഎം-കോൺഗ്രസ് സഖ്യം താഴെ വീഴുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത് സഖ്യകക്ഷിക്ക് വിജയിക്കുമെന്ന് ആത്മവിശ്വാസമില്ലാത്തതിനാലാണെന്നും ബിജെപി ചീഫ് വിപ്പ് ബിരാഞ്ചി നരേൻ പറഞ്ഞു.