ഉത്തരാഖണ്ഡിൽ കലാപം,അക്രമികൾക്ക് നേരെ വെടിയുതിർക്കാൻ സർക്കാർ ഉത്തരവ്

ഹൽദ്വാനി: നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിൽ സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ തകർത്തതിന് പിന്നാലെ ഉത്തരാഖണ്ഡിൽ കലാപം. കലാപം വ്യാപിച്ചതോടെ അക്രമികൾക്ക് നേരെ വെടിയുതിർക്കാൻ സർക്കാർ ഉത്തരവിട്ടു. കർഫ്യൂ ഏർപ്പെടുത്തുകയും അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. ഹൽദ്വാനി ബൻഭൂൽപുര മേഖലയിൽ സ്കൂളുകൾ അടക്കുകയും ക്രമസമാധാന നില നിലനിർത്തുന്നതിനായി ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

സംഘർഷത്തിൽ പൊലീസുകാർക്കും മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രദേശത്ത് ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി. റോഡുകള്‍ ബാരിക്കേഡ് സ്ഥാപിച്ച്‌ അടക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടിയന്തര യോഗം വിളിച്ചു.

കോടതി ഉത്തരവിനെത്തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയാണ് സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ പൊളിച്ചത്. ബൻഭൂൽപുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസ കെട്ടിടം നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു.