എംപിമാർക്ക് സർപ്രൈസ് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : എംപിമാർക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാധനമന്ത്രിയ്ക്ക് എംപിമാരെ പാർലമെന്റിൽ വച്ച് കാണണമെന്ന് വെള്ളിയാഴ്ച ഉച്ചയോടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ കോൾ എത്തി. ഞാൻ നിങ്ങളെ എല്ലാം ശിക്ഷിക്കാൻ കൊണ്ട് പോവുകയാണെന്നും തനിയ്ക്കൊപ്പം വരാനും തമാശ രൂപേണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വിരുന്നിൽ പങ്കെടുത്ത എംപി മാർ ഓരോ കാര്യങ്ങൾ ചോദിച്ചപ്പോഴും അദ്ദേഹം ശ്രദ്ധയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്തു.മനസ് എങ്ങനെ ശാന്തമായി നില നിർത്തുന്നു എന്ന ചോദ്യത്തിന് താൻ യോഗയും മെഡിറ്റേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾനിരന്തരം ചെയ്യാറുണ്ടെന്നും ഇപ്പോൾ നിങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സും ശരീരവും പൂർണ വിശ്രമത്തിലാണെന്നും 24 മണിക്കൂറും താൻ ഒരു പ്രധാനമന്ത്രി മാത്രമല്ലെന്നും ഒരു സാധാരണ മനുഷ്യൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറിലധികം അദ്ദേഹവുമായി രാഷ്ട്രീയവും വ്യക്തിപരവുമായ വിഷയങ്ങൾ എംപിമാർ സംസാരിച്ചു. ഇഷ്ട ഭക്ഷണമേതെന്നുള്ള എംപിമാരുടെ ചോദ്യത്തിന് “കിച്ചടി” എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇത്രയധികം കാര്യങ്ങൾ എങ്ങനെ ഒരു ദിവസം താങ്കൾ ചെയ്യുന്നു എന്ന ചോദ്യത്തിന്, അങ്ങനെ ജോലി ചെയ്യുന്നത് തനിക്ക് ശീലമായെന്നും ചിലപ്പോൾ ഉറങ്ങിയില്ല എന്ന കാര്യം വരെ ഞാൻ തിരിച്ചറിയില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഭൂജിൽ നടന്ന ഭൂകമ്പ ദുരന്ത സമയത്തെ പ്രവർത്തനങ്ങൾ താൻ ഉദ്യോഗസ്ഥരുമായി പങ്ക് വച്ചിരുന്നുവെന്നും 2015 ൽ നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ നേപ്പാൾ സർക്കാരിന് സമാന നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.2015 ൽ നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്ന് ഉച്ചക്ക് രണ്ട് മണിവരെ താൻ പാർലമെന്റിൽ ഉണ്ടായിരുന്നുവെന്നും അതിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോകും വഴിയാണ് പാകിസ്ഥാനിൽ ഇറങ്ങാൻ തീരുമാനിച്ചതെന്നും മോദി പറഞ്ഞു.

താൻ പാകിസ്ഥാനിൽ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ വിഭാഗം അതിന് അനുവദിച്ചില്ല, തുടർന്ന് താൻ നവാസ് ഷെരീഫുമായി നേരിട്ട് ബന്ധപ്പെടുകയും ഇരുഭാഗത്തെയും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതിനെത്തുടർന്ന് ഷെരീഫിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.