ബിഡിജെഎസ് ധാരണ, കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥി ആകും

കോട്ടയം: കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ സ്ഥാനാർഥിയാക്കാൻ നീക്കം.ബിജെപി , ബിഡിജെഎസ് നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായിരിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ബിഡിജെഎസിന് നിർണായക സ്വാധീനമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് സീറ്റ് തുഷാറിന് നൽകുന്നത്.കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവ് പിസി തോമസ് ആണ് മത്സരിച്ചത്.പിസി തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായ സാഹചര്യത്തിൽ ബിജെപി സീറ്റ് ഏറ്റെടുക്കുമെന്നായിരുന്നു ധാരണ.

.പിസി ജോർജ് ബിജെപിയിൽ എത്തിയതോടെ എൻഡിഎയ്ക്ക് പാലായിലും മലയോര മേഖലയിലും പ്രതീക്ഷ സജീവമായിട്ടുണ്ട്. കോട്ടയം മണ്ഡലത്തിലെ എസ്എൻഡിപി സംഘടന സമ്പൂർണ കരുത്തോടെ കളത്തിൽ ഇറങ്ങിയാൽ ഇക്കുറി വിജയം ഉറപ്പിക്കാനാകുമെന്നാണ് തുഷാറും സംഘവും കരുതുന്നത്.ഏറ്റുമാനൂർ, വൈക്കം നിയോജക മണ്ഡലങ്ങളിൽ ബിഡിജെഎസിന് നിർണായക സ്വാധീനമുണ്ട്.