തമിഴ്‌നാട്ടിലെ ആദ്യ ട്രാൻസ്‌ജെൻഡർ ടിടിഇ കന്യാകുമാരി സ്വദേശിനി സിന്ധു ​ഗണപതി

ചെന്നൈ : തമിഴ്‌നാട്ടിലെ ആദ്യ ട്രാൻസ് ടിടിഇ ആയി കന്യാകുമാരി സ്വദേശി സിന്ധു ​ഗണപതി വ്യാഴാഴ്ച ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ ചുമതലയേറ്റു.2003 ൽ ദക്ഷിണ റെയിൽവേയിൽ ജോലിയില്‍ പ്രവേശിച്ച സിന്ധു ‌തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള എറണാകുളത്താണ് ആദ്യം ജോലി ചെയ്തിരുന്നത്. 2009ൽ മധുര ഡിവിഷൻ്റെ കീഴിലുള്ള ഡിണ്ടിഗലിലേക്ക് സിന്ധുവിനെ സ്ഥലം മാറ്റി.

“ഞാൻ ആദ്യം ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെൻ്റിലാണ് ജോലി ചെയ്തിരുന്നത്. ഒരു ട്രാൻസ്‌ജെൻഡർ ആയതിനാൽ, ചുറ്റുമുള്ള ആളുകൾ എന്നെ എങ്ങനെ കാണും എന്നോർത്ത് എനിക്ക് വളരെയധികം ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, സതേൺ റെയിൽവേ മസ്ദൂർ യൂണിയനും (Mazdoor Union) അതിലെ ഭാരവാഹികളും എന്നെ പിന്തുണച്ചു. ജോലി തുടർന്നും ചെയ്യാൻ അവർ എന്നെ പ്രേരിപ്പിച്ചു’

ഒരു ടിടിഇ എന്ന നിലയിലും, ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയിലും എന്നെ പിന്തുണക്കുന്ന എല്ലാവർക്കും നന്ദി. പൊതുജനങ്ങളും എന്നെ പിന്തുണക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇപ്പോൾ കൂടുതൽ ആളുകൾ ഞങ്ങളെ അംഗീകരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിൽ പെടുന്ന വ്യക്തികൾക്ക് ഇന്ന് കൂടുതൽ വിദ്യാഭ്യാസവും ജോലിയും നേടാൻ സാധിക്കുന്നുണ്ട്. അത് അവർ പൂർണമായും ഉപയോഗിക്കണം”.സിന്ധു പറഞ്ഞു.

ആദ്യം ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. എന്നാൽ ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇത് എൻ്റെ മാത്രമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിൻ്റെയാകെ വിജയമാണ്. തമിഴ്‌നാട്ടിലെ ആദ്യ ട്രാൻസ്‌ജെൻഡർ ടിടിഇ എന്ന ബഹുമതി നേടാനായതിൽ സന്തോഷമുണ്ട്. കൂടുതൽ ട്രാൻസ്‌ വ്യക്തികൾ എന്നിൽ നിന്ന് പ്രചോദനം ഈ മേഖലയിലേക്ക് കടന്നു വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’’, സിന്ധു കൂട്ടിച്ചേർത്തു.

ഒരു അപകടത്തെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റ സിന്ധുവിന് ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ജോലി തുടരുന്നത് ബുദ്ധിമുട്ടായപ്പോൾ ഏതെങ്കിലും നോൺ ടെക്‌നിക്കൽ ജോലി ഏറ്റെടുക്കാമോ എന്ന് ഉദ്യോ​ഗസ്ഥർ ചോദിച്ചു.അപ്പോളാണ് ടിടിഇ ആകാനുള്ള തന്റെ ആ​ഗ്രഹം സിന്ധു തുറന്നു പറഞ്ഞത്.