കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ മറികടന്ന് കര്‍ഷകര്‍ ഇന്ന് ഡൽഹി വളയും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യത്തെ കർഷക സംഘടനകൾ നടത്തുന്ന സമരം ഡല്‍ഹി ചലോ മാര്‍ച്ചിൽ ഇന്ന് ഡൽഹി വളയും.കേന്ദ്ര സർക്കാരിന്റെ കനത്ത സുരക്ഷയുടെ ഭാഗമായി കർഷകർ നഗരത്തിലേക്ക് വരാനിടയുള്ള മാർഗ്ഗങ്ങൾ വൻ കോൺക്രീറ്റ് കെട്ടുകൾ സ്ഥാപിച്ച് അടച്ചിട്ടുണ്ട് യു.പി. സർക്കാർ.നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യു.പി., ഹരിയാണ അതിര്‍ത്തികളായ ഗാസിയാബാദ്, തിക്രി, സിംഘു എന്നിവിടങ്ങളിലെ വഴികൾ അടച്ചിട്ടിരിക്കുകയാണ്.

സര്‍ക്കാർ ഉറപ്പുകളൊന്നും നൽകാൻ തയ്യാറല്ലാത്തതിനാൽ നേരത്തേ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു.സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയിതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തിൽ നിരവധി കർഷക സംഘടനകളാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. അതിർത്തിപ്രദേശങ്ങളിൽ കര്‍ഷക സംഘടനകൾ തമ്പടിക്കുകയാണ്. സംഘടനകളെ അനുനയിപ്പിക്കാൻ ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ, കൃഷിമന്ത്രി അർജുൻ മുണ്ടെ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വരെ ചർച്ചകൾ നടന്നു.

കഴിഞ്ഞ കർഷക സമരത്തിന്റെ കാലത്ത് എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സമരത്തിൽ കർഷകർ ആവശ്യപ്പെടുന്നു.