യുഎസിൽ നാലം​ഗ മലയാളി കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി

കലിഫോർ‌ണിയ: യുഎസിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി ഹെന്റിയുടെ മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയതൻ (4 ) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45നാണ് ( യു എസ് സമയം പന്ത്രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 9.15 ) മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്.തണുപ്പിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിച്ച ഹീറ്ററിൽ നിന്നും ഉയർന്ന വിഷവാതകമാകാം മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.മരിച്ച ആലീസ് പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. 11ാം തീയതിയാണ് മടങ്ങിയെത്തിയത്. 12ന് പുലർച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇവർ മകളെ വിളിച്ചിരുന്നു.

വീട്ടിലെത്തി വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു.ഇവരിൽ ഒരാൾ മാത്രമാണ് മെസേജ് കണ്ടത്.സംശയം തോന്നിയ അമ്മ ജൂലിയറ്റ് അമേരിക്കയിലുള്ള മറ്റൊരു ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞു.ആനന്ദിന്റെ സുഹൃത്ത് വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മറുപടിയൊന്നും ലഭിക്കാത്തതിനാൽ പോലീസിനെ അറിയിക്കുകയും പോലീസെത്തി പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ ഇവരെ നാല്പേരെയും കണ്ടെത്തിയത്.