സമരാഗ്നി വേദിയില്‍ ദേശീയ ഗാനം പാടിയ പാലോട് രവിയ്ക്ക് ആദ്യ വരി തന്നെ തെറ്റി,അബദ്ധം മനസിലായ ടി.സിദ്ദിഖ് മൈക്ക് പിടിച്ചുവാങ്ങി

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി.സമാപന സമ്മേളനത്തിൽ ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റി.അബദ്ധം മനസിലായ ഉടന്‍ തന്നെ മൈക്ക് പിടിച്ചുവാങ്ങിയ ടി.സിദ്ദിഖ് എംഎല്‍എ അവിടെ സിഡി ഇട്ടോളും എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർ‌ത്തിയാക്കിയത്.

സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സംസാരിക്കാനെത്തുമ്പോഴേക്കും സദസ് കാലിയായിരുന്നു. ” മുഴുവന്‍ പ്രസംഗങ്ങളും കേള്‍ക്കാന്‍ മനസില്ലെങ്കില്‍ പിന്നെ എന്തിന് വന്നു, എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി പരിപാടി നടത്തുന്നത്. കൊട്ടിഘോഷിച്ച് സമ്മേളനകൾ നടത്തും, കസേരകൾ നേരത്തെ ഒഴിയും “പ്രവര്‍ത്തകര്‍ നേരത്തെ മടങ്ങിപ്പോയതില്‍ രോഷം കൊണ്ട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.

3 മണിക്ക് കൊടുംചൂടില്‍ വന്നിരിക്കുന്നവരാണ്, 5 മണിക്കൂറിലേറെയായി സദസില്‍ ഇരുന്നു. ഇതിനിടെ പന്ത്രണ്ടോളം പേര്‍ പ്രസംഗിച്ചു, അതുകൊണ്ട് അവർ പോയതിൽ പ്രസിഡന്‍റിന് വിഷമം വേണ്ട, നമ്മുടെ പ്രവര്‍ത്തകരല്ലേ’ – വി.ഡി സതീശന്‍ സുധാകരനെ ആശ്വസിപ്പിച്ചു