തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപറേഷൻ കോൺഗ്രസ് കൗൺസിലർ ലീല വർഗീസ്.ഇടവക പ്രതിനിധി യോഗത്തിലാണ് ചോദ്യം ഉന്നയിച്ചത്.
‘ലൂർദ് മാതാവിന് ഒരു സ്വർണക്കിരീടം കിട്ടിയെന്ന് ജനങ്ങൾ വിളിച്ചറിയിച്ചു. എത്രയോ പവൻ്റെ കണക്കൊക്കെ ജനങ്ങൾ തന്നോട് പറഞ്ഞു. എന്നാൽ ചെമ്പിൽ സ്വർണം പൂശിയാണ് കിരീടം നിർമിച്ചതെന്ന് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞു. പക്ഷേ, അതു മുഴുവനായും വിശ്വസിക്കാൻ പറ്റില്ലല്ലോ. അതിനാലാണ് കിരീടത്തിൽ എത്ര പവൻ സ്വർണമുണ്ടെന്ന് അറിയാനായി അച്ചനോട് ആവശ്യം ഉന്നയിച്ചത്’ കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുനാളിന് പള്ളിയിൽ എത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചതിനെ തുടർന്നായിരുന്നു കുടുംബസമേതം എത്തി മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചത്.ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്..മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ഇക്കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിൻ്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ചത്.