ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തു.കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു.വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ്.

ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപീകരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇഡി പറയുന്നു. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യവുമായി അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല.കഴിഞ്ഞയാഴ്ച ഇ ഡി അറസ്റ്റ് ചെയ്ത തെലങ്കാനയിലെ ബിആര്‍എസ് നേതാവും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്.