ഡൽഹിയിൽ നിരോധനാജ്ഞ, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നു

ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ  ആം ആദ്മി മന്ത്രിമാർ ഉൾപ്പെടെ തെരുവിലിറങ്ങി.ഡൽഹിയിൽ പ്രതിഷേധം കനക്കുകയാണ്.ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞു.ഡൽഹിയിലെ പ്രധാന പാതകൾ ബാരിക്കേഡ് ഉയർത്തി അടച്ചു. ഡൽഹിയിൽ ദ്രുതകർമ സേനയെ ഉൾപ്പെടെ വിന്യസിച്ചു കഴിഞ്ഞു. ഇ.ഡി. ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു.

മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അയച്ച സമൻസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെ കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു. ഇഡി ഓഫീസിൽ എത്തിച്ച കെജ്‌രിവാളിന്‍റെ മെഡിക്കൽ പരിശോധന ഇന്ന് നടക്കും. കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കും.പ്രതിഷേധിച്ച നൂറുകണക്കിന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

കെജ്‌രിവാളിനെ ജയിലില്‍ അടച്ചാലും മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമുള്ള ആംആദ്മിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു. ഗവർണർ നിയമോപദേശവും തേടി.