ചുവന്നു തുടുത്ത് ജെ എൻ യു,നാല് സീറ്റിലും ഇടത് സഖ്യം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് തകർപ്പൻ ജയം.പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി എന്നീ നാല് പാനലുകളിലും എബിവിപിയെ നിലംപരിശാക്കിക്കൊണ്ട് ഇടതു സഖ്യം ജയം നേടി.

2019 ലെപ്പോലെ ഈ വർഷവും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡിഎസ്എഫ്‌, എഐഎസ്എഫ് എന്നിവ സഖ്യം രൂപീകരിച്ചിരുന്നു.നാലാമത്തെ പ്രധാന സീറ്റിൽ ഇടത് സഖ്യത്തിന്റെ പിന്തുണയോടെ ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബാപ്സാ ) സ്ഥാനാർത്ഥി പ്രിയാൻസി 926 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ഇടതു സഖ്യത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയെ അയോഗ്യനാക്കിയതോടെ ഇടതു പാർട്ടികൾ ബാപ്സയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കോവിഡ് മൂലമുണ്ടായ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവിൽ തെരഞ്ഞെടുപ്പ് നടന്നത്.