തിരുവനന്തപുരം: ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് ഒരേ പോലെ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് ഗാന്ധിമതി എന്ന അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് ഗാന്ധിമതി ബാലൻ എന്ന ബ്രാൻഡിലായിരുന്നു.തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം, സുഖമോ ദേവി തുടങ്ങിയ അനശ്വര ചിത്രങ്ങൾ പിറന്നത് ബാലന്റെ നിർമാണ കമ്പനിയായ ഗാന്ധിമതിയിലാണ്.
ഒരേ മുറിയിൽ ഉറങ്ങിയിരുന്ന പ്രിയ സുഹൃത് അനശ്വര സംവിധായകൻ പത്മരാജനുമായാണ് ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. നൊമ്പരത്തി പൂവ്,തൂവാനത്തുമ്പികൾ,മൂന്നാം പക്കം,പദ്‌മരാജൻ എഴുതി ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ ചിത്രങ്ങൾ ഇവരുടെ കൂട്ട്കെട്ടിൽ പിറന്നതാണ്.കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം, വേണു നാഗവള്ളിയുടെ സുഖമോ ദേവി തുടങ്ങി വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുകയും അത് വിജയിപ്പിക്കുകയും ചെയ്ത അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു കെ ബി പി നായർ എന്ന ഗാന്ധിമതി ബാലൻ.
മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത് ബാലനായിരുന്നു.റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു ബാലൻ. മുപ്പതോളം കലാമൂല്യമുള്ള സിനിമകൾക്ക് നിർമാണവും വിതരണവും നിർവഹിച്ച ബാലൻ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ പദവിയും അലങ്കരിച്ചിരുന്നു.പത്മരാജന്റെ ആകസ്മിക മരണം സിനിമയിൽ നിന്നും പിൻവാങ്ങാൻ ബാലന് ഒരു കാരണമായിരുന്നു.