തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്‌പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയോടെ നടന്ന ഏറ്റുമുട്ടൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ജില്ലാ റിസർവ് ഗാർഡിൻ്റെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൻ്റെയും (ബിഎസ്എഫ്) സംയുക്ത സംഘമാണ് കാങ്കർ ജില്ലയിലെ ബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ മാവോയിസ്റ്റുകളെ നേരിട്ടത്.പട്രോളിങ് സംഘം പ്രദേശം വളയുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.എകെ47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ഐജി പി സുന്ദർ അറിയിച്ചു.മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വനമേഖലയിൽ പരിശോധന നടന്നത്.