മകളുടെ മോചനത്തിനുള്ള ചർച്ചകൾക്കായി നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്

ന്യൂഡൽഹി: മകളുടെ മോചനത്തിനുള്ള ചർച്ചകൾക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും.കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളെ നേരിൽക്കണ്ട ചർച്ച നടത്തുകയാണ് ഉദ്ദേശ്യം. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമാണ് പ്രേമകുമാരിയെ അനുഗമിക്കുക.

കൊച്ചിയിൽ നിന്ന് മുംബൈ വഴി യെമനിലെ എഡെൻ വിമാനത്താവളത്തിലാണ് ചെന്നിറങ്ങുക. ഇവിടെ നിന്ന് കരമാർഗ്ഗം സനയിലേക്ക് പോകും.ചർച്ചകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ആണ്. യെമനിൽ ആവശ്യമായ സൗകര്യം ഒരുക്കാൻ ഇന്ത്യാക്കാർ തയ്യാറാണെന്ന് കാട്ടി നിമിഷ പ്രിയയുടെ അമ്മ നേരത്തെ കോടതിക്ക് പട്ടിക കൈമാറിയിരുന്നു. യെമനിൽ മുമ്പ് ജോലി ചെയ്ത ഇന്ത്യക്കാരാണ് സൗകര്യം ഉറപ്പുനൽകിയിട്ടുള്ളതെന്നും പട്ടിക കൈമാറവെ അമ്മ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞവർഷം നവംബര്‍ 13 നു യമനിലെ സുപ്രീം കോടതി നിമിഷപ്രിയയുടെ അപ്പീൽ തള്ളിയതോടെ വധശിക്ഷ ഉറപ്പാകുകയായിരുന്നു..കേന്ദ്ര സർക്കാരിന് യെമനിലെ കാര്യങ്ങളിൽ ഇടപെടാൻ പറ്റാത്ത സാഹചര്യമുള്ളത് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരക്കുഴപ്പങ്ങളുള്ള യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധങ്ങൾ നിലവിലില്ല. ഇന്ത്യൻ എംബസി ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇക്കാരണത്താൽ തന്നെ യെമനിൽ നിമിഷ പ്രിയയുടെ അമ്മയ്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ എംബസിക്ക് സാധിക്കില്ല.